കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) കേരളത്തിന് നൽകുന്ന ഓക്സിജൻ പ്ലാന്റുകളിൽ രണ്ടാമത്തേതിൻ്റെ സമർപ്പണം നാളെ (തിങ്കൾ- സെപ്തംബർ 9) ന് നടക്കും. വയനാട് മെഡിക്കൽ കോളജിനു വേണ്ടി നിർമിച്ച ഓക്സിജൻ പ്ലാന്റാണ് ഉദ്‌ഘാടനത്തിനു സജ്ജമായിരിക്കുന്നത്. രാവിലെ 10.30 ന് പ്ലാൻ്റിൻ്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിക്കും. മന്ത്രി ഒ.ആർ കേളു സ്വിച്ച്ഓൺ കർമംനിർവഹിക്കും. കേരള ഹജ്ജ്കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. 1200 LPM കപ്പാസിറ്റി ഉള്ള പ്ലാൻ്റാണ് നിർമിച്ചിരിക്കുന്നത്. വയനാട് ജില്ലയിലേക്ക് ഓക്സിജൻ എത്തിക്കാനുള്ള പ്രയാസങ്ങളും ഓക്സിജൻ ആവശ്യകതയും പരിഗണിച്ചു ഏറ്റവും ഉചിതമായ പ്രദേശം എന്ന നിലയിലാണ് മാനന്തവാടി തിരഞ്ഞെടുത്തത്. ആശുപത്രിയിലെ ഓക്സിജൻ പ്രതിസന്ധിക്ക് ഇതോടെ പൂർണ പരിഹാരമാകുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരേസമയം ഇരുനൂറോളം രോഗികൾക്ക് ജീവവായു നൽകാൻ പ്ലാന്റ് വഴി കഴിയും.
ഐസിഎഫ് ഫണ്ട് ഉപയോഗിച്ചുള്ള ആദ്യത്തെ പ്ലാന്റ് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നേരത്തെ സമർപ്പിച്ചിരുന്നു. കോവിഡ് വ്യാപന കാലയളവിൽ മുഖ്യമന്ത്രി നോർക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് ഐ സി എഫ് പദ്ധതി ഏറ്റെടുത്തത്. ഓക്സിജൻ പ്ലാൻ്റ് ഉൾപ്പെടെ പ്രവാസി സംഘടനകൾക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോർക്ക മുന്നോട്ട് വെച്ചിരുന്നു. കോവിഡ് പോലുള്ള രോഗങ്ങളാൽ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിർദേശങ്ങളിൽ ഏറ്റവും മികച്ചത് തന്നെ ഏറ്റെടുക്കാൻ ഐ സി എഫ് തയ്യാറായത്.
സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡി (കെ.എം എ.എസ്.സി.എൽ) ൻ്റെയും അനുമതിയോടെയാണ് പദ്ധതി ഏറ്റെടുത്തത്. മാനന്തവാടി പ്ലാന്റിന് ഒരു കോടി രണ്ടു ലക്ഷത്തി മുപ്പത്തി എട്ടായിരത്തി അറുനൂറ്റി മുപ്പത്തൊമ്പത് (1,02,38,639) രൂപയാണ് ചെലവാക്കിയത്.
സോഷ്യൽ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികൾക്കിടയിൽ 500 രൂപയുടെ ചലഞ്ച് പ്രഖ്യാപിച്ചാണ് പ്ലാൻ്റുകൾക്കുള്ള തുക സമാഹരിച്ചത്. പതിനഞ്ച് ദിവസം കൊണ്ട് സമാഹരണം പൂർത്തിയായി. ജാതി മത ഭേദമന്യേ വിദേശ രാജ്യങ്ങളിലും നാട്ടിലുമുള്ള ഒട്ടേറെപ്പേർ ചലഞ്ചിൽ പങ്കാളികളായി പദ്ധതിക്ക് ജനകീയ പിന്തുണ നൽകി.
സമർപ്പണ സമ്മേളനത്തിൽ സയ്യിദ് ത്വാഹാ സഖാഫി (പ്രസിഡൻ്റ്, എസ് വൈ എസ് കേരള) സയ്യിദ് ആറ്റക്കോയ തങ്ങൾ (ചെയർമാൻ, ഐസിഎഫ് ഇൻ്റർനാഷണൽ), ടി.സിദ്ദീഖ് (എം.എൽ.എ ) വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത്), എൻ. അലി അബ്ദുല്ല (ചെയർമാൻ, കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ്), സംഷാദ് മരക്കാർ (പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് വയനാട്), ജസ്റ്റിൻ ബേബി (പ്രസിഡൻ്റ്, ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി), സി കെ രത്‌നവല്ലി (ചെയർപേഴ്‌സൺ, മാനന്തവാടി മുനിസിപാലിറ്റി), മജീദ് കക്കാട് (സെക്ര. കേരള മുസ്ലിം ജമാഅത്ത്), പി.ഗഗാറിൻ (സി പി എം), ഇ ജെ ബാബു (സി പി ഐ), ടി.മുഹമ്മദ് (മുസ്‌ലിം ലീഗ്), അബ്ദുൽ ഹമീദ് ചാവക്കാട് (സെക്ര. ഐ സി എഫ്), അബ്ദുൽ കരീം ഹാജി (ഐ സി എഫ്), ബി ഡി അരുൺകുമാർ (കൗൺസിലർ, മാനന്തവാടി മുനിസിപാലിറ്റി) ഡോ. രാജേഷ് (സൂപ്രണ്ട്, ഗവ. മെഡിക്കൽ കോളേജ് വയനാട്) സംബന്ധിക്കും.
