ഉരുള്‍ദുരന്തം: പ്രത്യേക അദാലത്തില്‍ ആദ്യദിനം 257 അപേക്ഷകര്‍

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ജില്ലാ ഭരണകൂടം പ്രത്യേക അദാലത്ത് നടത്തി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ദുരന്തത്തില്‍ ഉള്‍പ്പെട്ടതും ഇതുവരെ ധനസഹായങ്ങളും മറ്റും ലഭിക്കാത്തവര്‍ക്കുമായാണ്അദാലത്ത് സംഘടിപ്പിച്ചത്. മേപ്പാടി ഗവ.എല്‍പി സ്‌കൂളിന് സമീപം എംഎസ്എ ഹാളില്‍ നടന്ന അദാലത്തില്‍ ആദ്യദിവസം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 257 അപേക്ഷകള്‍ ലഭിച്ചു. 10-ാം വാര്‍ഡില്‍നിന്നു 37 ഉം 11-ാം വാര്‍ഡില്‍നിന്നു 36 ഉം 12-ാം വാര്‍ഡില്‍നിന്നും 184 ഉം അപേക്ഷകളാണ് ലഭിച്ചത്. കൃഷി വകുപ്പില്‍നിന്നുള്ള സഹായത്തിന് നാലും മൃഗസംരക്ഷണവകുപ്പില്‍നിന്നുളള സഹായത്തിന് ആറും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനു 18 ഉം അപേക്ഷകള്‍ ലഭിച്ചു. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ഇന്നും പ്രത്യേക അദാലത്ത് നടക്കും. ദുരന്തബാധിത വാര്‍ഡുകളിലുള്ളവര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് വിവരം ധരിപ്പിക്കാം. താത്കാലികമായി പുനരധിവസിപ്പിച്ചതില്‍ ഫര്‍ണിച്ചര്‍ ലഭിക്കാത്തര്‍ക്കും അദാലത്തിലെത്തി വിവരം അറിയിക്കാം. അക്ഷയകേന്ദ്രം, കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ എന്നിവയുടെ കൗണ്ടര്‍ അദാലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വിഭാഗമാണ് വിവരം ക്രോഡീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *