വയനാട് ടൂറിസം; വൈറലായി രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കല്‍പ്പറ്റ: വിനോദ സഞ്ചാരികളെ വയനാട്ടിലേക്ക് സ്വാഗതം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. വീഡിയോ സഹിതമിട്ട കുറിപ്പ് ഇതിനകം ആയിരങ്ങളാണ് കണ്ടത്. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട് ടൂറിസം പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു പോസ്റ്റ്.

‘വയനാടിന്റെ സൗന്ദര്യം തര്‍ക്കമില്ലാത്തതാണ്. അവിടത്തെ ജനങ്ങളുടെ കാരുണ്യവും ദയയുമാണ് എന്നെ എന്നുംആകര്‍ഷിച്ചിട്ടുള്ളത്. വിനോദസഞ്ചാര മേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധിയാളുകള്‍ നിലവില്‍ സഹായം കാത്തിരിക്കുകയാണ്. ഉരുള്‍ ദുരന്തം വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണയും പ്രചാരണവും ടൂറിസത്തെ ബാധിച്ചു. സഞ്ചാരികളുടെ വരവില്‍ വലിയ കുറവുണ്ടായി. വയനാട് സുരക്ഷിതവും ഊര്‍ജസ്വലവുമാണ്. തകര്‍ക്കാന്‍ കഴിയാത്തതാണ് നാടിന്റെ ചൈതന്യം. വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗങ്ങള്‍ പുനര്‍നിര്‍മിക്കാനും വയനാട് സന്ദര്‍ശിക്കാന്‍ ഏവരോടും അഭ്യര്‍ഥിക്കുകയാണ്’- വയനാട് മുന്‍ എംപിയുമായ രാഹുലിന്റെ കുറിപ്പില്‍ പറയുന്നു. കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി പ്രതിനിധി വിനോദ് രവീന്ദപ്രസാദ്, ഡിടിപിസി ജീവനക്കാരന്‍ ലൂക്കാ ഫ്രാന്‍സിസ്, ടാക്‌സി ഡ്രൈവര്‍ ഉണ്ണി കല്‍പ്പറ്റ, വനിതാ ഹോട്ടല്‍ ഉടമ ശാന്ത നന്ദനന്‍, ഓട്ടോ ഡ്രൈവര്‍ മുസ്തഫ തുടങ്ങിയവരുടെ പ്രതികരണങ്ങള്‍ സഹിതമാണ് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *