അന്തകവിത്തുകൾക്കെതിരേയുള്ള പോരാട്ടം ശക്തമാക്കും: കർഷകസംഘടനകൾ.

കല്‍പ്പറ്റ: ജിഎംഒ ദേശീയ കരട് നയരൂപീകരണവുമായി ബന്ധപ്പെട്ട് ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം വുഡ്‌ലാന്‍ഡ്‌സ് ഓഡിറ്റോറിയത്തില്‍ വട്ടമേശ സമ്മേളനം സംഘടിപ്പിച്ചു. ജിഎം വിളകള്‍ സംബന്ധിച്ച് ദേശീയ നയം രൂപീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു സമ്മേളനം.

സുരക്ഷിതമല്ലാത്ത ആധുനിക ബയോടെക്‌നോളജി ഉത്പന്നങ്ങള്‍ കാര്‍ഷിക മേഖലയിലേക്ക് തള്ളിവിടുന്ന സാഹചര്യത്തില്‍ സമഗ്ര ജൈവ സുരക്ഷാ നയമാണ് രാജ്യത്തിനു ആവശ്യമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ശാസ്ത്രത്തോടുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തവുംസമൂഹത്തോടുള്ള പ്രതികരണവും നയത്തില്‍ പ്രതിഫലിക്കണം. പൗരന്‍മാരുടെയും പ്രകൃതിയുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് നയത്തില്‍ പ്രാധാന്യം നല്‍കണം.

പ്രകൃതിയുടെ സുരക്ഷ, കര്‍ഷക കുടുംബങ്ങളുടെ ക്ഷേമം, കാര്‍ഷിക സംവിധാനങ്ങളുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ സുസ്ഥിരത, ഉപഭോക്താക്കളുടെ ആരോഗ്യ, പോഷകാഹാര സുരക്ഷ, വീടും വ്യാപാരവും സംരക്ഷിക്കല്‍ തുടങ്ങിയവ നയത്തിന്റെ ഭാഗമാകണം. ചെറുകിട-നാമമാത്ര കര്‍ഷകരുടെയും തൊഴിലാളികളുടെയും ഭീതിയും ഉത്കണ്ഠയും അകറ്റാന്‍ നയം പര്യാപ്തമാകണം. രാജ്യത്തിന്റെ കാര്‍ഷിക പൈതൃകം സംരക്ഷിക്കണം. ജനിതകമാറ്റം വരുത്തിയ വിളകളുടെ സുരക്ഷിതത്വം തെളിയിക്കണം. ജനിറ്റിക് എന്‍ജിനിയറിംഗും ജനിറ്റിക് മോഡിഫിക്കേഷനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നില്ലെന്നു ഉറപ്പുവരുത്തണം. ജീനോം എഡിറ്റിംഗ് ഉള്‍പ്പെടെ ജിഎം സാങ്കേതികവിദ്യകള്‍ ഭക്ഷണ, കൃഷി സംവിധാനങ്ങളില്‍ വരുന്നത് ഗുണം ചെയ്യില്ല. എന്നിരിക്കേ ജനിറ്റിക് എഞ്ചിനീയറിംഗും ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാകണം. രാസവള-കീടനാശിനി രംഗത്തെ റഗുലേറ്ററി മൂല്യനിര്‍ണയ സംവിധാനങ്ങള്‍ വികസിപ്പിക്കുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍, പ്രക്രിയകള്‍, പ്രോട്ടോക്കോളുകള്‍ എന്നിവയെക്കുറിച്ച് അറിയാനും, പഠിക്കാനും അഭിപ്രായം പറയാനും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും സന്ദര്‍ഭമുണ്ടാകണം. നിലവില്‍ വ്യാപാര സുരക്ഷ മാത്രം ഉറപ്പാക്കുന്ന ജിഎം വിളകള്‍ രാജ്യത്തിന്റെ കാര്‍ഷിക-ഭക്ഷ്യ-വ്യാപാര അവസരങ്ങള്‍ എങ്ങനെ സംരക്ഷിക്കുമെന്ന് വ്യക്തമാക്കുന്നതും പ്രകൃതിദത്ത സസ്യ ശേഖരത്തെയും ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനെയും സംരക്ഷിക്കുന്നതുമാകണം നയമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

അന്തക വിത്തുകളുടെ ഉപയോഗത്തിനെതിരേ രണ്ട് പതിറ്റുമുമ്പ് ഫയല്‍ ചെയ്ത കേസില്‍

ജൂലായ് 23നാണ് സുപ്രീം കോടതി ജിഎം വിളകളുടെ ദേശീയ നയം രൂപീകരിക്കാന്‍ ഉത്തരവായത്. സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷകരുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെ ഭക്ഷണവുമായി ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി പൊതു കൂടിയാലോചനയിലൂടെ ദേശീയ നയം രൂപീകരിക്കാനാണ് കോടതി

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയത്. പൊതു കൂടിയാലോചന പ്രക്രിയ കൃത്യമായി നടക്കുന്നുവെന്നും ജനഹിതം നയത്തില്‍ പ്രതിഫലിക്കുന്നുവെന്നും ഉറപ്പാക്കേണ്ടത് പൗരസമൂഹമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.

വാട്ടര്‍മാന്‍ ഡോ.രാജേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ടി.വി. രാജന്‍ അധ്യക്ഷത വഹിച്ചു. ‘വിത്തിന്റെ പരാമാധികാരം’ എന്ന വിഷയം കാര്‍ഷിക ശാസ്ത്രജ്ഞ ഡോ.ടി.ആര്‍. സുമയും ജൈവ സുരക്ഷാ നയം കരടുരേഖ ആന്റി ഫ്രീട്രേഡ് എഗ്രിമെന്റ് ഫോറം കണ്‍വീനര്‍ പി.ടി. ജോണും അവതരിപ്പിച്ചു. ഓള്‍ ഇന്ത്യ കിസാന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.എം. സിംഗ്, ഭാരത് കിസാന്‍ യൂണിയന്‍ പ്രതിനിധി യോഗേന്ദ്ര സിംഗ്, അഡ്വ.ഗുരുസ്വാമി മധുര, നീലഗിരി വ്യവാസായ തൊഴിലാളര്‍ മുന്നേറ്റസംഘം സെക്ട്രട്ടറി ഇ.എസ്. ശെല്‍വരാജ്, കെ. വിശ്വംഭരന്‍ അട്ടപ്പാടി, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, ജോസഫ് മാത്യു ഗൂഡല്ലൂര്‍, ഇ.എസ്. ജോര്‍ജ് ഈരാറ്റുപേട്ട, എ. ബാലകൃഷ്ണന്‍ കമ്മന, രാധാകൃഷ്ണന്‍ കൊളപ്പള്ളി, അഡ്വ.ഖാലിദ് രാജാ, കെ.ജെ. ജോണ്‍, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്‍, ഒ.പി. മുഹമ്മദുകുട്ടി, ഡിക്‌സണ്‍ ഡിസില്‍വ എറണാകുളം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എ.കെ. ഷംസുദ്ദീന്‍ സ്വാഗതവും സെയ്ത് തലപ്പുഴ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *