കല്‍പ്പറ്റ: ഹാരിസണ്‍, എല്‍സ്റ്റന്‍ എസ്റ്റേറ്റ് ഭൂമി പ്രത്യേക നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതയുടെ സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ, സെക്രട്ടറി തോമസ് അമ്പലവയല്‍, മറ്റു ഭാരവാഹികളായ ബാബു മൈലമ്പാടി, ഒ.ജെ. മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി കണ്ടെത്തി പുനരധിവാസം സമയബന്ധിതമായി നടത്താന്‍ കഴിയില്ല എന്നുണ്ടെങ്കില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു.
സ്ഥിരം പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ്പിന് ദുരന്ത നിവാരണ നിയമപ്രകാരം മേപ്പാടി നെടുമ്പാലയില്‍ ഏറ്റടെുത്ത ഹാരിസണ്‍ ഭൂമിയും കല്‍പ്പറ്റയ്ക്കു സമീപം ഏറ്റെടുത്ത എല്‍സ്റ്റന്‍ ഭൂമിയും സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. ജില്ലയില്‍ ഹാരിസണ്‍ കമ്പനിയുടെ അനധികൃത കൈവശത്തിലുള്ളതെന്ന് കണ്ടെത്തിയ 20,000 ഏക്കര്‍ ഭൂമിയുടെ ഭാഗമാണ് നെടുമ്പാല എസ്റ്റേറ്റ്. എല്‍സ്റ്റന്‍ എസ്റ്റേറ്റിന്റെ അനധികൃത കൈവശത്തിലുള്ള 630 ഏക്കറിന്റെ ഭാഗമാണ് കല്‍പ്പറ്റയ്ക്കടുത്ത് കണ്ടെത്തിയ സ്ഥലം. എസ്റ്റേറ്റ് ഭൂമി ദുരന്തനിവരാണ നിയമപ്രകാരം ഏറ്റെടുക്കാമെങ്കിലും സ്ഥിരം പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്നത് ദുരന്തബാധിത കുടുംബങ്ങള്‍ക്ക് ഭാവിയില്‍ പ്രയാസത്തിനു കാരണമാകും. പുനരധിവാസത്തിന്റെ ഭാഗമായി അനുവദിക്കുന്ന ഭൂമിയിലും നിര്‍മിച്ചുനല്‍കുന്ന വസതിയിലും ദുരന്തബാധിത കുടുംബത്തിനു പരിപൂര്‍ണ അവകാശം ഉടനൊന്നും ഉണ്ടാകില്ല. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുത്തതിന് എതിരേ രണ്ട് തോട്ടം മാനേജ്മെന്റുകളും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. 2013ലെ എഎആര്‍ആര്‍ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്നാണ് തോട്ടം ഉടമകളുടെ ആവശ്യം. ഹാരിസണ്‍ എസ്റ്റേറ്റ് ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ജില്ലാ കളക്ടര്‍ ബത്തേരി കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയുമാണ്. നിയമക്കുരുക്കില്‍ ഉള്പ്പെടാത്തതാകണം ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി ഉപയോഗപ്പെടുത്തുന്ന ഭൂമി.
ജില്ലയില്‍ 49 മാനേജ്മെന്റുകളുടെ അനധികൃത കൈവശത്തില്‍ 59,000 എക്കര്‍ ഭൂമിയുണ്ട്. സ്വാതന്ത്ര്യത്തിന് മുന്‍പ് ബ്രിട്ടീഷ് കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വച്ചിരുന്ന ഭൂമി സ്വാന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ കമ്പനികളോ വ്യക്തികളോ ട്രസ്റ്റുകളോ കൈവശം വയ്ക്കുന്നത് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിയമാനുസൃതം സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കില്‍ തിരിച്ചടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവായതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം മുന്‍പ്
ലാന്‍ഡ് റിസംപ്ഷന് ഓഫീസറെ നിയമിച്ചിരുന്നു. അദ്ദേഹം സംസ്ഥാന വ്യാപകമായി അനധികൃത കൈവശത്തിലെന്നു കണ്ടെത്തിയ 1,40,000 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടതാണ് വയനാട്ടിലെ 59,000 ഏക്കര്‍. 100 ഏക്കറില്‍ കൂടുതല്‍ അനധികൃത കൈവശത്തിള്ള ഭൂമിയുടെ കണക്കെടുപ്പ് മാത്രമാണ് ഇതിനകം നടന്നത്. ഭൂമി തിരിച്ചുപിടിക്കാന്‍ സിവില്‍ കോടതികളില്‍ കേസ് ഫയല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വയനാട്ടില്‍ ഒരു കേസ് ഫയല്‍ ചെയ്തത് സമീപ ദിവസം മാത്രമാണ്.
2020ല്‍ ചെമ്പ്ര പീക്ക് എസ്റ്റേറ്റിന്റെ ഭാഗമായ വാര്യാട് എസ്റ്റേറ്റ് ഉടമകള്‍ ഉണങ്ങിയ മരങ്ങള്‍ മുറിച്ചുനീക്കാന്‍ നല്കിയ അപേക്ഷയെത്തുടര്‍ന്ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നല്കിയ ഉത്തരവില്‍, മേല്പറഞ്ഞ 49 എസ്റ്റേറ്റുകളുടെ ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനു മാത്രമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭൂമി വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യു മന്ത്രി, സെക്രട്ടറിമാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പ്രകൃതി സംരക്ഷണ സമിതി 2024 ജനുവരി 31ന് നിവേദനം നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
പുഞ്ചരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തന് നെടുമ്പാലയില്‍ കണ്ടെത്തിയ 65.4 ഉം കല്‍പ്പറ്റയ്ക്കടുത്ത് കണ്ടെത്തിയ 78.73 ഉം ഹെക്ടര്‍ ഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നു പകല്‍ പോലെ വ്യക്തമാണ്. ഈ ഭൂമി ദുരന്ത നിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരും എസ്റ്റേറ്റ് ഉടമകളുമായുള്ള ഒത്തുകളി സംശയിക്കണം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ ബത്തേരി കോടതിയില്‍ ഫയല്‍ ചെയ്ത സിവില്‍ കേസില്‍ ഹാരിസണ്‍ മലയാളം കമ്പനിയുടെ അനധികൃ കൈവശത്തിലുള്ളതില് 297.1770 ഹെക്ടറില്‍ മാത്രമേ അവകാശം ഉന്നയിച്ചിട്ടുള്ളൂവെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു.
പുഞ്ചിരിമട്ടം പുനരധിവാസം; ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണം: പ്രകൃതി സംരക്ഷണ സമിതി
