സുൽത്താൻ ബത്തേരി: ടൗൺ സ്‌ക്വയർ രണ്ടു കോടി രൂപ ചെലവിൽ മോടി പിടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് കൂടുതൽ കളിയുപകരണങ്ങൾ സജ്ജമാക്കും. ഓപ്പൺ ജിം സ്ഥാപിക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനു ഉതകുന്നതാണ് ടൗൺ സ്‌ക്വയറിൽ പുതുതായി എത്തിച്ച കളിയുപകരണങ്ങൾ. ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം അത്യന്താപേക്ഷിതമാണെന്നു തിരിച്ചറിവിലാണ് ഓപ്പൺ ജിം സ്ഥാപിക്കുന്നത്. ടൗൺ സ്‌ക്വയറിൽ കുട്ടികളുടെ ഉപയോഗത്തിന് സീസോ, ഊഞ്ഞാൽ, സ്ലെയ്ഡ് എന്നിവയാണ് ഉണ്ടായിരുന്നത്. ഓപ്പൺ ജിമ്മിൽ ഔട്ട്‌ഡോർ ഫിറ്റ്‌നസ് ഉപകരണങ്ങൾ, ഡബിൾ സൈഡ് ചെസ്റ്റ് പ്രസ് മെഷീൻ, ഔട്ട്‌ഡോർ എയർ വാക്കർ, ഡബിൾ ബാർ, സിറ്റ് അപ്പ് ബോർഡ്, ഔട്ട് ഡോർ റണ്ണിംഗ് മെഷീൻ, ഔട്ട് ഡോർ ജിം സ്‌കൈ വാക്കർ തുടങ്ങിയവ ഉണ്ടാകും. ടൗൺ സ്‌ക്വയറിൽ നിലവിലുള്ള കുളം നവീകരിച്ച് കുട്ടികൾക്ക് ബോട്ട് സവാരിക്ക് സൗകര്യം ഒരുക്കും. അപകടാവസ്ഥയിലുള്ള മരങ്ങൾ അനുമതി ലഭിക്കുന്ന മുറയ്ക്ക് മുറിച്ചുമാറ്റും. ഇതോടെ കുട്ടികൾക്ക് വിനോദത്തിന് കൂടുതൽ ഇടമാകും. കഫ്റ്റീരിയ ഉടൻ പ്രവർത്തനസജ്ജമാകും.
ദിവസവും നിരവധിയാളുകളാണ് ടൗൺ സ്‌ക്വയറിൽ എത്തുന്നത്. ഇവിടെ വിനോദത്തിന് സൗകര്യങ്ങൾ കുറവാണെന്ന പരാതി ഉണ്ടായിരുന്നു. അതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഓപ്പൺ ജിം പുലർച്ചെ അഞ്ച് മുതൽ പ്രവർത്തിപ്പിക്കാനാണ് നീക്കം. ജിം ഉപയോഗത്തിനു സീസൺ ടിക്കറ്റ് ഏർപ്പെടുക്കുന്നതിനു നീക്കം ഡിടിപിസി നടത്തുന്നുണ്ട്
ബത്തേരി ടൗൺ സ്‌ക്വയറിൽ ഓപ്പൺ ജിം സ്ഥാപിക്കുന്നു
