വൈത്തിരി: രണ്ടു ദിവസങ്ങളിലായി പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ജനപങ്കാളിത്തത്താൽ സജീവമാകുന്നു. ഞായറാഴ്ചവരെ രണ്ടായിരത്തിലധികം ആളുകളാണ് കോൺക്ലേവിൽ പങ്കെടുക്കാനും പ്രദർശന സ്റ്റാളുകൾ സന്ദർശിക്കാനുമായി എത്തിയത്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളും പൊതുജനങ്ങളും കർഷകരുമായി നിരവധി പേരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇതിനോടകം കഴിഞ്ഞു. നൂതന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള മൃഗസംരക്ഷണ മേഖലയുടെ നവീകരണം, ആധുനിക രീതിയിലുള്ള പന്നി കൃഷിയും വിപണന സാധ്യതകളും എന്നീ വിഷയങ്ങളിൽ ഞായറാഴ്ച സെമിനാർ സംഘടിപ്പിച്ചു. കന്നുകാലി, മൃഗ പരിപാലന രംഗത്തെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടത്തുന്ന കോണ്‍ക്ലേവിൽ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍, ഡയറി ഫാമിങ്, അക്വഫാമിങ്, പോള്‍ട്രി, അഗ്രിക്കള്‍ച്ചര്‍ എന്നിവയുടെ സ്റ്റാളുകളും പക്ഷിമൃഗാദികളുടെ ലൈവ് പ്രദര്‍ശനവും വിവിധ എക്സ്പോകളുമാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ക്ഷീര കാർഷിക മേഖലയിലെ സംരംഭകത്വ വികസന സാധ്യതകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ സെമിനാറുകളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. കോൺക്ലേവ് ഈ മാസം 29ന് സമാപിക്കും.
