ബത്തേരി: സംസ്ഥാനത്തെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും മൊബൈൽ വെറ്ററിനറി യൂണിറ്റും വെറ്ററിനറി ആംബുലൻസ് സംവിധാനവും ആരംഭിക്കുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പ്രസ്താവിച്ചു.ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന സമ്മേളനം ബത്തേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി . ദുരന്ത മുഖങ്ങളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനങ്ങൾ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷീര കർഷകരുടെ ക്ഷേമത്തിനായി ഇൻഷുറൻസ് പദ്ധതികൾ ഉടനെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ ഉഷാറാണി എൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി ഡോ.കെ.ജയരാജ് ,നൂൽപുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ സതീഷ് , കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ അധ്യക്ഷൻ ഡോ.ബിനു പ്രശാന്ത് , ഐ. വി. എ ദേശീയ വൈസ് പ്രസിഡൻ്റ് ഡോ. എൻ മോഹനൻ, വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.വി. ആർ രാജേഷ്, സംസ്ഥാന ഭാരവാഹികളായ മനോജ് ജോൺസൺ, ഡോ.മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു.
രാവിലെ നടന്ന ശാസ്ത്രീയ സെമിനാറിൽ പശുക്കളിലെ വന്ധ്യത പരിഹരിക്കുന്നതിനുള്ള നൂതന മാർഗങ്ങളെ പറ്റി ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ. ബ്രിജേഷ് കുമാർ യാദവ് ക്ലാസെടുത്തു. സമ്മേളനം നാളെ സമാപിക്കും.
