കല്‍പ്പറ്റ: വയനാടന്‍ കാടുകളില്‍ പുതിയ ഇനം തുമ്ബിയെ കണ്ടെത്തി ഗവേഷകര്‍. വയനാടന്‍ അരുവിയന്‍ (വയനാടന്‍ ടോറന്റ് ഡാര്‍ട്ട്) എന്ന പേരു നല്‍കിയിരിക്കുന്ന സൂചിതുമ്ബിയെ തിരുനെല്ലിയിലെ കാളിന്ദി നദിയില്‍ നിന്നാണ് ആദ്യമായി കണ്ടെത്തിയത്.
യൂഫേയ വയനാഡെന്‍സിസ് എന്നാണ് ശാസ്ത്രീയ നാമം. 2013ല്‍ നടത്തിയ ജന്തു ജാല സര്‍വേയിലാണ് കാളിന്ദി നദിയില്‍ നിന്നു ഗവേഷകര്‍ ആദ്യമായി യൂഫിയ വയനാഡെന്സിസിനെ കാണുന്നത്. തുടന്ന് 2019 വരെ ഇതേ ഭാഗത്ത് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി.
പിന്നീട്, 2019 മുതല്‍ 2023 വരെയുള്ള ഗവേഷണത്തില്‍ ആറളത്തും കര്‍ണാടകയിലെ കൂര്‍ഗിലെ വിവിധ ഭാഗങ്ങളിലും ഈ തുമ്ബിയെ കണ്ടിരുന്നു. ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയില്‍ കണ്ടെത്തിയ യൂഫിയ സ്യൂഡോഡിസ്പാര്‍ എന്ന ഇനമായി ഗവേഷകര്‍ ഇതിനെ തെറ്റിദ്ധരിച്ചു. എന്നാല്‍ പിന്നീട് നടത്തിയ തന്മാത്ര പഠനത്തില്‍ ഇരു വിഭാഗത്തിനും രൂപശാസ്ത്രപരമായും ജനിതകപരമായും സാരമായ വ്യത്യാസമുള്ളതായി ഗവേഷകര്‍ തിരിച്ചറിയുകയായിരുന്നു. ഇതോടെ പശ്ചിമഘട്ടത്തിലെ തുമ്ബികളുടെ എണ്ണം 223 ആയും (ഡ്രാഗണ്‍ഫ്ലൈസ്, ഡാംസെല്ഫ്ലൈസ്) കേരളത്തിലുള്ള തുമ്ബികളുടെ എണ്ണം 191 ആയും ഉയര്‍ന്നു.
ഇവയുടെ ആവാസവ്യവസ്ഥ വളരെ പരിമിതമാണെന്നും പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സമ്ബന്നതയാണ് ഈ കണ്ടെത്തല്‍ വെളിവാക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. വയനാടന്‍ കാടുകളില്‍ നിന്ന് അടുത്ത കാലത്തായി പുതിയ തുമ്ബികളെ കണ്ടെത്താനായത് ഈ പ്രദേശത്ത് കൂടുതല്‍ ഗവേഷണപഠനങ്ങള്‍ ആവശ്യമാണെന്ന് തെളിയിക്കുന്നു. ആവാസവ്യവസ്ഥയുടെ മാറ്റവും കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യത്തിനു കടുത്ത നാശങ്ങള് വരുത്തുന്നതായും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണെന്നും ഗവേഷക സംഘം അഭിപ്രായപ്പെട്ടു. എസ്.എസ്. അനുജ് (കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളായണി), സി. സുഷാന്ത് (വാര്‍ബ്ലേഴ്സ് ആന്‍ഡ് വേഡേഴ്സ്), ഡോ. കലേഷ് സദാശിവന് (ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി തിരുവനന്തപുരം), വിനയന് പി. നായര്‍ (അല്‍ഫോന്‍സ കോളജ്, പാല), ഡോ. ദത്തപ്രസാദ് സാവന്ത്, ഡോ. മിലിന്ദ് ഭകരെ (മഹാരാഷ്ട്ര) എന്നിവരടങ്ങിയ സംഘമാണ് കണ്ടെത്തലിനു പിന്നില്‍.
