മൊബൈൽ വെറ്ററിനറി യൂണിറ്റും, മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു.

കൽപ്പറ്റ : കേരള സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും, 12 മൊബൈൽ സർജറി യൂണിറ്റുകളും സംസ്ഥാനത്ത് പുതിയതായി തുടങ്ങിയതിൽ 2 എം.വി.യുകളും , 1 എം എസ് യു വും വയനാട് ജില്ലയ്ക്കു അനുവദിച്ചിട്ടുണ്ട് . മൃഗാശുപത്രി പ്രവർത്തന സമയത്തിനു ശേഷം അടിയന്തിര ചികിത്സാ സേവനം കര്ഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കി ഒരു മൊബൈൽ വെറ്ററിനറി യൂണിറ്റും, ജില്ലാ വെറ്ററിനറികേന്ദ്രം ആസ്ഥാനമാക്കി മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനം ആരംഭിച്ചു. മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ സേവനം വൈകീട്ട് 6 മണി മുതൽ രാവിലെ 5 മണി വരെ ലഭ്യമാകുന്നതാണ്. പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർ, ഡ്രൈവർ കം അറ്റന്റൻ്റ് എന്നിവർ മൊബൈൽ യൂണിറ്റിൽ ഉണ്ടായിരിക്കും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ലഭ്യമാക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത മൃഗാശുപത്രികൾ വഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ മൃഗങ്ങൾക്ക് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിൽ ശസ്ത്രക്രിയ സേവനം ലഭ്യമാക്കുന്നതാണ് മൊബൈൽ സർജറി യൂണിറ്റിന്റെ പ്രവർത്തനം. മൊബൈൽ സർജറി യൂണിറ്റിന്റെ പ്രവർത്തനസമയം രാവിലെ 10 മണി മുതൽ 5 മണി വരെ ആയിരിക്കും. ഇതിന് പുറമെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്റെ പ്രവർത്തനം രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെയും കർഷകർക്ക് ലഭ്യമാണ്
പദ്ധതിയുടെ ഉദ്‌ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ വെച്ചു എം എൽ എ ടി സിദ്ധിഖ് നിർവഹിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള അനുബന്ധ ചെലവുകൾക്ക് എം എൽ എ ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതാണ് എന്ന് അദ്ദേഹം അറിയിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള ചെലവുകൾക്ക് 3 ലക്ഷം രൂപ ഈ വർഷത്തെ പദ്ധതിയിൽ അനുവദിച്ചതായി പ്രസിഡൻ്റ് അറിയിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ . ജിതേന്ദ്രകുമാർ, ഡോ.രമാദേവി പി കെ , ഡോ.സജി ജോസഫ് , ഡോ.മനോജ് വി ജെ , ക്ഷീര വികസന ഓഫീസർ ഹുസ്ന , ശ പി കെ അബ്ദുറഹിമാൻ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തിലേയും ഗ്രാമ പഞ്ചായത്തിലെയും പ്രതിനിധികൾ ക്ഷീരസംഘം പ്രസിഡന്റുമാർ , സെക്രട്ടറിമാർ ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു. വരും വർഷങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുബന്ധ ചെലവുകൾക്കായുള്ള ഫണ്ട് കണ്ടെത്തേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *