ജില്ലാ സാക്ഷരത മിഷന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി പ്രേരക്മാരുടെയും റിസോഴ്സ് പേഴ്സണ്‍മാരുടെയും അവലോകന യോഗവും വായന ദിനാചരണവും നടത്തി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വായന പക്ഷാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ നിരക്ഷരരെ കണ്ടെത്താനുള്ള സര്‍വ്വെ ജൂലൈ 7 ന് പൂര്‍ത്തീകരിക്കും. മൂന്നാംഘട്ട മികവുത്സവത്തില്‍ 6000 പേര്‍ക്ക് സാക്ഷരത സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.
പത്ത് പഠിതാക്കള്‍ക്ക് ഒരു വളണ്ടറി ടീച്ചര്‍ എന്ന രീതിയിലാണ് പരിശീലനം നല്‍കുക. ടീച്ചര്‍മാര്‍ക്ക് അംഗീകൃത പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കൂടുതല്‍ നിരക്ഷരരെ സാക്ഷരരാക്കുന്ന ജില്ലയിലെ മൂന്ന് വളണ്ടറി ടീച്ചര്‍മാര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. വായന പക്ഷാചരണത്തിന്റെ ഭാഗമായി സാക്ഷരത തുല്യത പഠിതാക്കള്‍ക്കായി വായന-കൈയ്യെഴുത്ത്-ഉപന്യാസരചന-പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷാ തമ്പി അധ്യക്ഷയായ യോഗത്തില്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം റിസോഴ്സ് പേഴ്സണ്‍മാരായ കെ കെ ചന്ദ്രശേഖരന്‍, കെ വി വത്സല, ബൈജു ഐസക്, സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍, പി വി ജാഫര്‍ എന്നിവര്‍ സംസാരിച്ചു.
