കൽപ്പറ്റ: കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന കേര( കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട് ) ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവൽക്കരണ സെമിനാർ വയനാട് ഹോട്ടൽ ഓഷനിൽ വച്ച് നടത്തി.
കർഷകർ,അഗ്രി ബിസിനസ് വിദഗ്ധർ, കർഷക സംഘങ്ങൾ, വ്യവസായ പ്രമുഖർ എന്നിവർക്കിടയിൽ പരസ്പര സഹകരണവും പങ്കാളിത്തവും വളർത്തുന്നതിനായുള്ള ബി ടു ബി മീറ്റും സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും വിപണി ബന്ധം മെച്ചപ്പെടുത്തുന്നതിനും ചെറുകിട കർഷകർ, കർഷക ഗ്രൂപ്പുകൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ,അഗ്രി ബിസിനസ് പ്ലെയേഴ്സ് എന്നിങ്ങനെ മൂല്യ വർദ്ധന ശൃംഖലയിലെ വിവിധ തലങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്.
കേരളത്തിലെ അഗ്രി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക, കാർഷിക മേഖലയെ ഊർജ്ജപ്പെടുത്തുക, കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുക, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേര പദ്ധതി ലക്ഷ്യമിടുന്നത്.
വയനാട് അസി. കളക്ടർ ശ്രീമതി അർച്ചന പി.പി. IAS പരിപാടി ഉദ്ഘാടനം ചെയ്തു.
