സുവർണ ജൂബിലി സമാപനവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

കല്ലോടി: കുടിയേറ്റ ഗ്രാമത്തിൻ്റെ ഭദ്രദീപമായി വിളങ്ങി പ്രശോഭിക്കുന്ന കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം “സുവർണം 2026” മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാടിൻ്റെ പ്രിയ മന്ത്രി ശ്രീ ഒ ആർ കേളു അവർകൾ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിൻ്റെ സമഗ്ര വികസനത്തിലും, സ്വഭാവരൂപവത്കരണത്തിലും അഞ്ചുപതിറ്റാണ്ടുകളായി കല്ലോടി സ്കൂൾ ചെയ്തു വരുന്ന സേവനങ്ങളെ അദ്ദേഹം വില മതിച്ചു. ഒപ്പം സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ശ്രീ ഷാജു പി എ സാറിന് സന്തോഷകരമായ ശിഷ്ടജീവിതം ആശംസിക്കുകയും ചെയ്തു. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ.ഫാദർ സിജോ ഇളംകുന്നപ്പുഴ മുഖ്യഭാഷണം നടത്തി. ജോസഫൈൻ കുടുംബത്തിൽ നിന്ന് റിട്ടയറാകുന്ന അധ്യാപകരെയും അനധ്യാപകരെയും മാർ അലക്സ് താരാമംഗലം പിതാവ് പൊന്നാടയണിയിച്ച് ആദരിച്ചു. സുവർണ ജൂബിലി ഗേറ്റ്, പൂർവവിദ്യാർത്ഥി ശ്രീ ടോമി ഇലഞ്ഞിക്കുഴിയും കുടുംബവും നിർമ്മിച്ചു നൽകിയ “സയൻസ് വാലി” സയൻസ് ലാബ് എന്നിവയുടെ ഉദ്ഘാടനവും പിതാവ് നിർവഹിച്ചു.എടവക ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റ് ശ്രീമതി ഗിരിജാസുധാകരൻ, വാർഡ് മെമ്പർ ശ്രീമതി ജംസീറ ഷിഹാബ്, ഡയറ്റ് വയനാട് പ്രിൻസിപ്പാൾ ശ്രീ. സെബാസ്റ്റ്യൻ കെ എം , കല്ലോടി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ബ്രിജേഷ് ബാബു എ, പി ടി എ പ്രസിഡൻ്റ് ശ്രീ.ഷീജോ ചിറ്റിലപ്പള്ളി, വൈസ് പ്രസിഡൻ്റ് ശ്രീ സിബി ആശാരിയോട്ട്, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി രമ്യാ ബാബു ,സ്കൂൾ ലീഡർ മാസ്റ്റർ അഭിനവ് ഫിലിപ്പ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. സ്കൂളിൻ്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. ആൻ്റണി കെ എ സുവർണജൂബിലി സുവനീർ പ്രകാശനം നടത്തി. എടവക ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീമതി വൽസ ജോസ്, ശ്രീമതി ഗോൾഡ ഷിനോജ്, ശ്രീ ലത്തീഫ് നടുക്കണ്ടി, ശ്രീമതി ഹർഷിത ബാരിക്കൽ, ശ്രീ ജോർജ് പടകൂട്ടിൽ, ശ്രീ. എം കെ ജയപ്രകാശ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് സ്കൂൾ മാനേജർ റവ.ഫാദർ സജി കോട്ടായിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ബോബിൻ ബോസ് നന്ദിയും പറഞ്ഞു. കുട്ടികളുടെ വർണാഭമായ കലാപരിപാടികളോടെ സമ്മേളനം അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *