വയനാട് ടൗണ്‍ഷിപ്: വീടുകളുടെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍ദുരന്തബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സജ്ജാമാക്കുന്ന ടൗണ്‍ഷിപ്പില്‍ മുഴുവന്‍ വീടുകളുടെയും നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കൃഷി മന്ത്രി ടി. സിദ്ദിഖ്. പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ നിര്‍മാണം മന്ദഗതിയിലാണെന്ന പ്രചാരണത്തില്‍ കാമ്പില്ല. 110 വീടുകളുടെ നിര്‍മാണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുമെന്ന് കരാര്‍ കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തിരുവനന്തപുരത്ത് മന്ത്രി പറഞ്ഞു.

വര്‍ക്ക് ഷെഡ്യൂള്‍ തയാറാക്കിയുള്ള നിര്‍മാണമാണ് ടൗണ്‍ഷിപ്പില്‍ നടക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം ആദ്യ പട്ടികയില്‍ ഇടം ലഭിക്കാത്ത ദുരന്തബാധിതരെയും പദ്ധതി ഗുണഭോക്താക്കളുടെ

പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം ഉണ്ടാകും. പ്രവൃത്തി നടത്തിപ്പില്‍ ജോലിക്കാരുടെ ദൗര്‍ലഭ്യം ഉണ്ടായിട്ടില്ല. നിലവില്‍ 810 പേര്‍ ടൗണ്‍ഷിപ്പില്‍ ജോലി ചെയ്യുന്നുണ്ട്. 178 വീടുകളുടെ താക്കോല്‍ദാനം ഇതിനകം നടന്നു. ഡിസംബറോടെ ടൗണ്‍ഷിപ്പില്‍ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും.

ദുരന്തബാധിത മേഖലയിലെ ജനപ്രതിനിധി എന്ന നിലയില്‍ എല്ലാ മാസവും ഒരു ദിവസം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്. മന്ത്രിസഭാ ഉപസമിതിയുടെയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെയും ജില്ലാ കളക്ടറുടെയും നേതൃത്വത്തില്‍ അവലോകനം വേറെയും നടത്തുന്നുണ്ട്. ഭവനങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗുണഭോക്താക്കളെ നറുക്കെടുത്ത് നിശ്ചയിക്കും. ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന വിഷയത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേരുകയും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *