പൂപ്പാടമൊരുക്കി; ദുരിതബാധിതര്‍ക്ക് കൈത്താങ്ങയി ബീനാച്ചി ഗവ. സ്‌കൂള്‍

സുല്‍ത്താന്‍ ബത്തേരി: അറുപത് സെന്റോളം സ്ഥലത്ത് പൂപ്പാടമൊരുക്കി, ഇവിടെ സെല്‍ഫിയെടുക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് ബീനാച്ചി ഗവ. സ്‌കൂള്‍ കൈത്താങ്ങാകുന്നു. സ്‌കൂള്‍ മുറ്റത്തെ പൂപ്പാടത്തില്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നവരില്‍ നിന്നും ഈടാക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പി ടി എയുടെയും മാതൃകാപ്രവര്‍ത്തനം.

സൂര്യാകാന്തിയും ചെണ്ടുമല്ലി പൂക്കളുമാണ് സ്‌കൂള്‍ കോമ്പൗണ്ടില്‍ പൂത്തുനില്‍ക്കുന്നത്. ഇവിടേക്ക് സഞ്ചാരികളെയെത്തിച്ച് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ദുരന്ത ബാധിതര്‍ക്ക് സഹായമായി നല്‍കുന്നത്. പൂ കാണാനും സെല്‍ഫിയെടുക്കാനുമായി എത്തുന്നവരില്‍ നിന്ന് പ്രവേശന ഫീസായി 20 രൂപയാണ് ഈടാക്കുന്നത്. വയനാട്ടിലേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സ്‌കൂളിനുമുന്നില്‍ മുണ്ടക്കൈക്കൊരു കൈത്താങ്ങ് സെല്‍ഫി ചലഞ്ച് ബാനറും സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് സെല്‍ഫിയെടുത്തുകൊണ്ട് നിര്‍വ്വഹിച്ചു. ജനപ്രതിനിധികള്‍, അധ്യാപകര്‍, പി ടി എ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *