ചികിൽസാലയങ്ങൾ ദുരന്തഭൂമികയാവരുത്: എ.യൂസുഫ്.

മേപ്പാടി :- ജീവൻ രക്ഷിക്കേണ്ട ആതുരാലയങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം അത്യന്തം അപലപനീയമാണെന്നും നഷ്ടപരിഹാരവും ഖേദപ്രകടനങ്ങളും ഒന്നിനും പകരമാവില്ലെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡൻ്റ് എ.യൂസുഫ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ശ്വസിച്ച് മരണപ്പെട്ട മേപ്പാടി കോട്ടത്തറവയൽ പാറോളി നെസീറ (44)യുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളേജിലുണ്ടായ സംഭവത്തിൽ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ആയിരങ്ങൾ ചികിൽസ തേടിയെത്തുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ദാരുണമായ സംഭവം സർക്കാറിൻ്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നത്. സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് അധികൃതർ ശ്രമിക്കുന്നത്. കാഷ്വാലിറ്റിയിൽ പുക നിറയുകയും രോഗികളും കൂട്ടിരിപ്പുകാരും നിലവിളിച്ച് നട്ടോട്ടമോടുകയും ചെയ്യുമ്പോൾ കാഴ്ചക്കാരായി നിന്ന ജീവനക്കാരാണ് ഒന്നാം പ്രതികൾ. ഐ.സി.യുവിലുള്ള രോഗികളെ രക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടും പൂട്ടിയ വാതിൽ തുറക്കാതെ ഓടി രക്ഷപ്പെടുകയാണ് സെക്യൂരിറ്റി ജീവനക്കാർ ചെയ്തത്. വെൻറിലേലറ്ററിലായിരുന്ന നെസീറയെ മുൻകരുതലുകൾ സ്വീകരിക്കാതെ പുറത്തെടുത്തതും തൻമൂലം പുക ശ്വസിച്ചതുമാണ് മരണകാരണം. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബാധിക്കപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ്, കെ.മഹറൂഫ്, മണ്ഡലം പ്രസിഡൻ്റ് അബ്ദുൽ കരീം മുട്ടിൽ, മേപ്പാടി പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണിൻകുട്ടി ഫൈസി, മഹറൂഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *